ഭക്ഷണത്തിലൂടെ അല്‍ഷിമേഴ്സ്‌ തടയാം



ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയ ഭക്ഷണം അല്‍ഷിമേഴ്സിനെ കുറയ്‌്‌ക്കും എന്ന്‌ പഠനം. മത്സ്യം, കോഴിയിറച്ചി, അണ്ടിപ്പരിപ്പ്‌ മുതലായ ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയ ഭക്ഷണം അല്‍ഷിമേഴ്സിനും ഓര്‍മക്കുറവിനും കാരണമായ മാംസ്യത്തിന്റെ അളവിനെ കുറയ്ക്കും.
65 വയസിനു മുകളിലുള്ള 1219 പേരിലാണ്‌ പഠനം നടത്തിയത്‌. രക്‌തത്തിലെ ബീറ്റാ അമിലോയിഡിന്റെ അളവ്‌ പരിശോധിച്ചു. രക്‌തപരിശോധന നടത്തുന്നതിനു മുന്‍പ്‌ ഒരു വര്‍ഷത്തിലധികം ഇവരുടെ ഭക്ഷണവിവരം ശേഖരിച്ചു.
പ്രധാനമായും പത്ത്‌ പോഷകങ്ങളാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌, ഒമേഗ–3, ഒമേഗാ–6, പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌, മോണോ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌, ജീവകം സി, ബീറ്റാ കരോട്ടിന്‍, ജീവകം ബി 12, ഫോളേറ്റ്‌, ജീവകം ഡി എന്നിവയാണവ.
ഒരാള്‍എത്രയധികം ഒമേഗ 3 ഫാറ്റി ആസിഡ്‌ അടങ്ങിയ ഭക്ഷണം കഴിക്കുന്നുവോ അത്രയധികം രക്‌തത്തിലെ ബീറ്റാ അമിലോയിഡിന്റെ അളവ്‌ കുറയുന്നു. ഭക്ഷണത്തിലൂടെ ദിവസവും 1 ഗ്രാം ഒമേഗ 3 ഉപയോഗിക്കുന്ന ഒരാള്‍ക്ക്‌ രക്‌തത്തിലെ ബീറ്റാ അമിലോയിഡിന്റെ അളവ്‌ 20 മുതല്‍ 30 ശതമാനം വരെ കുറയുന്നതായി കണ്ടു.
മറ്റു പോഷകങ്ങള്‍ക്കൊന്നും ബീറ്റാ അമിലോയ്‌ഡ്‌ നിലയുമായി ബന്ധമൊന്നും കണ്ടില്ല. പ്രായം, വിദ്യാഭ്യാസം, ലിംഗം, വര്‍ഗം, ഭക്ഷണം കഴിക്കുന്ന അളവ്‌, അല്‍ഷിമേഴ്സിനു കാരണമാകുന്ന എപിഒഇ ജീന്‍ ഇവയെല്ലാം വ്യത്യാസപ്പെടുത്തിയിട്ടും ഫലം ഒന്നുതന്നെ എന്നു കണ്ടു.
അമേരിക്കന്‍ അക്കാദമി ഓഫ്‌ ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ന്യൂറോളജിയുടെ മെയ്‌ 2ന്റെ ലക്കത്തിലാണ്‌ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

No comments:

Post a Comment