സാരി ഉടുത്താല്‍ കാന്‍സര്‍ വരുമോ ..


സാരിയുടുക്കുന്നവര്‍ക്കു കാന്‍സര്‍ സാധ്യതയെന്ന വാര്‍ത്ത കേട്ടാല്‍ സാരിയെ സ്‌നേഹിക്കുന്ന മലയാളി സ്‌ത്രീകള്‍ എങ്ങനെ ഞെട്ടാതിരിക്കും. ഉത്തരേന്ത്യയില്‍ വേയ്‌സ്‌റ്റ്‌ കാന്‍സര്‍ എന്ന പേരില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത രോഗമാണു സാരിയെ പ്രതിക്കൂട്ടിലാക്കിയത്‌. സാരി കാന്‍സര്‍ എന്ന പേരില്‍ ഈ രോഗം മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്‌തു. എന്നാല്‍ ഇതു ചര്‍മത്തില്‍ പലര്‍ക്കുമുണ്ടാകുന്ന ഒരു തരം കാന്‍സര്‍ മാത്രമാണെന്നും സാരിയുമായി ബന്ധമില്ലെന്നും ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.


സാരിയുടുക്കുന്നതിനായി സ്‌ഥിരമായി പാവാട മുറുക്കിക്കെട്ടുന്ന ഭാഗത്തു പാട്‌ വീഴുകയും കാലക്രമേണ ഈ ഭാഗത്ത്‌ അര്‍ബുദ കോശങ്ങള്‍ വളരുകയും ചെയ്യുമെന്നാണു വേയ്‌സ്‌റ്റ്‌ കാന്‍സര്‍ എന്ന പേരില്‍ രോഗം റിപ്പോര്‍ട്ട്‌ ചെയ്‌ത ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാണിച്ചത്‌. നാല്‍പതു വയസ്സിനു മുകളില്‍ പ്രായമുള്ള സ്‌ത്രീകളിലാണു രോഗം കണ്ടെത്തിയതായി ഇവര്‍ അവകാശപ്പെട്ടത്‌. സാരിയുടുക്കുമ്പോള്‍ പാവാട അയച്ചു കെട്ടുകയും സ്‌ഥിരമായി ഒരേ സ്‌ഥലത്ത്‌ കെട്ടുന്നത്‌ ഒഴിവാക്കുകയും വേണമെന്ന വിദഗ്‌ധ നിര്‍ദേശവും നല്‍കി. നിറവ്യത്യാസം അവഗണിക്കുന്നതു മൂലം സ്‌ഥിതി ഗുരുതരമാകുന്നതു വരെ സ്‌ത്രീകള്‍ സാരി കാന്‍സറിനെ തിരിച്ചറിയുന്നില്ലെന്ന ഡോക്‌ടര്‍മാരുടെ കണ്ടെത്തല്‍ സ്‌ത്രീ സമൂഹത്തെ പരിഭ്രാന്തരാക്കി.


സാരിയല്ല വില്ലന്‍
സാരി മാത്രമല്ല ഏതു വസ്‌ത്രങ്ങളും ശരീരത്തില്‍ ഇറുകിക്കിടക്കുന്നതു ചര്‍മത്തില്‍ നിറവ്യത്യാസവും പാടുകളും വരുത്തും. ഇറുകിയ ഷൂസ്‌ ധരിക്കുക, റിസ്‌റ്റ്‌ ബാന്‍ഡുകള്‍ മുറുക്കികെട്ടുക ഇവയൊക്കെ പ്രശ്‌നമാണ്‌. ചര്‍മത്തില്‍ കൂടുതല്‍ മര്‍ദമുണ്ടാകുന്ന ഭാഗത്തു താല്‍ക്കാലികമായി മാത്രം കാണപ്പെടുന്ന ഇവയെ പേടിക്കേണ്ടതില്ല. സാരിയുടുക്കുന്നത്‌ അര്‍ബുദമുണ്ടാക്കുമെന്നതു തെറ്റായ ധാരണയാണ്‌ അതേ സമയം ദീര്‍ഘകാലം സ്‌ഥിരമായി ചര്‍മത്തിലുണ്ടാകുന്ന ഏത്‌ അസ്വസ്‌ഥതയുമുണ്ടാക്കുന്ന പാടുകളും തടിപ്പുകളും ചര്‍മരോഗങ്ങളാണോയെന്ന്‌ ഉറപ്പ്‌ വരുത്തണം. ചര്‍മത്തിലുണ്ടാകുന്ന തീപ്പൊള്ളലിന്‍െറയും മറ്റും പാടുകളും ദീര്‍ഘകാലമായി ഉണങ്ങാത്ത വ്രണങ്ങളുമുള്ള ഭാഗങ്ങളില്‍, അര്‍ബുദ കോശങ്ങള്‍ വളരാറുണ്ട്‌. ചുണങ്ങ്‌, ചുവന്ന പാടുകള്‍, തഴമ്പ്‌ തുടങ്ങി കടുത്ത അസ്വസ്‌ഥതയുണ്ടാക്കുന്നതും അസ്വാഭാവികത തോന്നിക്കുന്നതുമായ എന്ത്‌ അടയാളവും നിസ്സാരമായി തള്ളിക്കളയാതെ ചര്‍മ്മരോഗ വിദഗ്‌ധരെ കാണിച്ചു സംശയം തീര്‍ക്കണം.


പ്രതിരോധ സംവിധാനത്തിലുള്ള തകരാറ്‌ മൂലം ചര്‍മത്തില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യത വര്‍ധിക്കും. എയ്‌ഡ്‌സ്‌ ബാധിതരിലും ജനിതകപരമായ വ്യതിയാനങ്ങളുമുള്ളവരിലും ഇത്തരത്തില്‍ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്‌. കാന്‍സര്‍ ഫാമിലിയിലെ മറ്റു രോഗങ്ങളെ അപേക്ഷിച്ചു തുടക്കത്തിലേ കണ്ടെത്തിയാല്‍ ചര്‍മത്തിലെ അര്‍ബുദം ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. സര്‍ജറിയുടെ രോഗം ബോധിച്ച ചര്‍മം നീക്കി അവിടെ ചര്‍മം വച്ചു പിടിപ്പിക്കുകയാണു ചികിത്സാരീതി. കേരളത്തില്‍ പൊതുവെ ചര്‍മത്തിലെ അര്‍ബുദം അപൂര്‍വമായാണു കണ്ടു വരുന്നത്‌. നിരപരാധിയായ സാരിയെ ഇനി ക്രൂശിക്കേണ്ട. പേടി കൂടാതെ ധൈര്യമായി സാരി ചുറ്റിക്കോളൂ.

No comments:

Post a Comment